ബീന സാബു
ഈ ലോകത്തിന്റെ ഒരോ തമാശകളെ!!
ഞാന്‍ ഓര്‍ക്കുവായിരുന്നു. ഏനിക്കു ഈ ലോകത്തില്‍ കുറേ മാറ്റങ്ങള്‍ വരുത്തുവാനുള്ള മാജിക് പവര്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന്. പണ്ടൊക്കെ സ്കൂളില്‍ പഠിക്കുന്ന സമയത്തു തുടങ്ങിയതാണു ഈ സ്വപ്നം കാണല്‍. അന്ന് ഞാന്‍ ബോര്‍ഡിങ്ങില്‍ ആണു തമാസം. അവധി കിട്ടുമ്പം വെകിളി പിടിച്ച പട്ടിയെ പൊലെ അല്ലേ വീട്ടില്‍ വരുന്നത്. ആകെ ബഹളം ആണു .എല്ലാം നല്ലതു, തലയിലെ പേനിന്റെ കാര്യമൊഴിച്ച്. എത്ര കൊന്നാലും തീരാത്ത പേന്‍. അതു പോലെ ഈ പേന്‍ കാരണം എന്നും എനിക്കു കിട്ടുന്ന വഴക്ക്. ഒരിക്കലും തീരാത്ത വഴക്ക്. മുടി ഇഷ്ട്ടമല്ല എന്നും പറഞ്ഞ് വെട്ടി മുട്ടയാക്കി. ബോയ് കട്ട്, അപ്പാച്ചെ കട്ട്, മഷ്രൂം കട്ട്, എല്ലാം പരീക്ഷിച്ചു നോക്കി. എന്നാലും തലയിലെ പേനിനും എനിക്കു കിട്ടികൊണ്ടിരുന്ന വഴക്കിനും ഒരു കുറവുമില്ല. അങ്ങനെ ഇരിക്കെ ആണു അലാവുദീന്റെ അല്‍ഭുത വിളക്ക് ഉണ്ടായിരുന്നേല്‍ എന്നു ആഗ്രഹിച്ചത്. അങ്ങനെ ആണേല്‍ ആ ഭൂതത്തിനെ വിളിച്ചു പറയാമായിരുന്നു "ഹേ, ഭൂതമേ എനിക്കൊരു മെഷിന്‍ വേണം". അന്നേരം ഭൂതം വിചാരിക്കും, ഇതെന്തൊരു ആഗ്രഹം. എന്നാലും ഭൂതം പറയും "അടിയന്‍ കൊണ്ടു വരാം. പക്ഷെ എന്തു തരം മെഷിന്‍". ഞാന്‍ പറയും. "പേനിനെ കൊല്ലുന്ന മെഷിന്‍. അതു തലയില്‍ വച്ചാല്‍, തലയില്‍ ഉള്ള പേനുകള്‍ എല്ലാം ചത്തൊടുങ്ങണം. ഓരെണ്ണം പോലും മിച്ചം കാണരുത്. ഏല്ലാ പെനിനേം തട്ടുന്ന മെഷിന്‍". ഹായ്!! ഏന്തു നല്ല നടക്കാത്ത ആഗ്രഹം ഇതു ബോര്‍ഡിങ്ങില്‍ നിന്നും വീട്ടില്‍ വരുമ്പഴത്തേ ആഗ്രഹം.
പരീക്ഷ സമയത്തു ആഗ്രഹിക്കുന്നതു ഇതൊന്നും അല്ല. പഠിച്ചാലും പഠിച്ചാലും തീരാത്ത പുസ്തകങ്ങള്‍. ഒന്നു പഠിച്ചു അവസാനം വരെ എത്തുമ്പം.. ദേണ്ടെ കിടക്കുന്നു.. ആദ്യത്തെ ഭാഗം മറന്നു പോയിരിക്കും. ഇങ്ങനെ പീഡനം അനുഭവിക്കുന്ന പരീക്ഷ കാലങ്ങളില്‍ ആണു സ്റ്റോണ്‍ ബോയ് മനസ്സില്‍ കേറികൂടിയതു. അന്നു ദൂരദര്‍ശനില്‍ (അന്നു കേബിള്‍ ഇല്ല.. ആകെ ആശ്രയം ദൂരദര്‍ഷനം മാത്രം) ഞായറാഴ്ച വരുന്ന ഒരു കുട്ടികള്‍ക്കു വേണ്ടി ഉള്ള ഒരു പ്രോഗ്രാമിലെ കഥാപാത്രമാണു ഈ സ്റ്റോണ്‍ ബോയ് . എന്തു പറഞ്ഞാലും ചെയ്യും. ആര്‍ക്കും കാണനും വയ്യ. നമ്മടെ ബാലരമ യിലെ മായാവിയുടെ വേറെ ഒരു അവതാരം. എന്തെന്നറിയില്ല,ഇതൊക്കെ തന്നെ ആണു മായാവിയും ചെയ്യുന്നതെങ്കിലും, മായാവിയെ വല്ല്യ പിടിച്ചില്ല എനിക്ക്. ഒരു പക്ഷെ ആ രൂപം അത്രക്കു പോരാഞ്ഞിട്ടായിരിക്കും. ഒരു ജട്ടിയും, വാലും, കൊമ്പും, കൈയില്‍ കൂഴ ചക്കയുടെ അകത്തെ തണ്ടു വലിച്ചൂരിയ പോലെ ഒരു വടിയും. കാണാന്‍ ക്യുട്ടൊക്കെ തന്നെ.. പക്ഷെ മനുഷരുടെ കൂട്ടത്തില്‍ കൊണ്ടു നടക്കാന്‍ പറ്റുമോ? സ്റ്റോണ്‍ ബോയ് ആണേല്‍, കാണാന്‍ നല്ല മിടുക്കന്‍. നല്ല ശേലുമുണ്ട്. ഒരു 14 വയസില്‍ കൂടുതല്‍ ഇല്ല താനും. അഥവാ മനുഷര്‍ വല്ലോം കണ്ടാലും, കൂടെ കൂട്ടി കൊണ്ടു പോകുന്നതിനു ഒരു പ്രശ്നവുമില്ല. നല്ല വെയ്റ്റ് ആണു താനും. ആ സ്റ്റോണ്‍ ബോയ് ആണു എക്സാം റ്റൈമില്‍ പ്രത്യേകിച്ചു കണക്കു പരീക്ഷയുടെ സമയത്തു മനസ്സില്‍ താവളമടിക്കുന്നത്. എത്ര ചെയ്തലും ശരിയായ ഉത്തരം കിട്ടത്തില്ല. അങ്ങനെ കണക്കില്‍ ഒരോ പ്രാവശ്യവും ബോര്‍ഡര്‍ ലൈനില്‍ നില്ല്ക്കുന്ന എനിക്കു എക്സാം സമയത്തു സ്റ്റോണ്‍ ബോയ് വന്നു ഉത്തരം എഴുതി തരുന്നു. എന്റെ കണക്കു മിസ്സ് എന്റെ പേപ്പര്‍ കണ്ടു ഞെട്ടുന്നു.. തല കറങ്ങുന്നു.. ഹായി എന്തു രസം. പഠിക്കുന്ന സമയം മുഴുവന്‍ ഇങ്ങനെ ദിവാസ്വപ്നം കണ്ടിരിക്കും.
പിന്നെ കുറച്ചൂടെ വല്ലുതായപ്പം ഈ മെഷിനും, സ്റ്റോണ്‍ ബോയും ഒക്കെ മറന്നു പോയി. ഒരു പ്രീഡിഗ്രീ കാലം. ആന്നൊക്കെ സ്വപ്നം കാണല്‍ .. ഉടുപ്പിനോടും ചെരുപ്പിനോടും പിന്നെ ഇന്ന് ഞാന്‍ കണ്ടാല്‍ അറയ്കുന്ന പാമ്പും പഴുതാരയും ഒക്കെ ഉള്ള മാലയും വളയും ആയിരുന്നു. അന്നത്തെ സ്വപ്നങ്ങളില്‍ ഞാന്‍ ഒരു രാജകുമാരിയെ പോലെ ആയിരുന്നു. 365 ദിവസവും ഇടാന്‍ 365 ഉടുപ്പുകള്‍. അതും ആര്‍ക്കുമില്ലാത്ത തരം. അതിനു മാച്ചിങ്ങ് ഷൂസ്, പിന്നെ ബാക്കി അക്സ്സെസ്സറീസും പിന്നെ ഞന്‍ ബിസി അല്ലെ (സ്വപ്നത്തില്‍ ആണെ). എന്നെ കാണാന്‍ ആളുകള്‍ വരുന്നു.. പൊകുന്നു.. അന്നത്തെ സ്വപ്നതില്‍ ഞാന്‍ ആരായിരുന്നു എന്നു അറിയില്ല.. പക്ഷെ എല്ലാരും ഒന്നു കാണാന്‍ കൊതിക്കും വിധം പ്രധാനപെട്ട ആരോ ഒരാള്‍
പിന്നെയും വളര്‍ന്നപ്പോള്‍ ഉടുപ്പും ചെരിപ്പും ഒക്കെ വിട്ടു. ഇലക്ട്രോണിക് സാധനങ്ങളായി മനസ്സിലെ കുട്ടി ദൈവങ്ങള്‍. (വാച്ചുകള്‍, മൊബൈല്‍, ക്യാമറ, കമ്പ്യൂട്ടര്‍ ഇതിനോടൊക്കെയായി ഭ്രമം. (ഇന്നും ഇതിനു വല്ല്യ മാറ്റം വന്നിട്ടില്ല കേട്ടൊ!!)എങ്കിലും മനസ്സിന്റെ ചിന്തകള്‍ ഗതി മാറി ചിന്തിച്ചു തുടങ്ങി. വളര്‍ച്ചയുടെ പടവുകളില്‍ എന്റെ സ്വപ്നങ്ങള്‍ക്കു നിറം മാറി, മുഖഛായ മാറി.
ഇന്നു എന്റെ സ്വപ്നം..
ഒരു പുതിയ ഭൂമി..ഒരു പുതിയ ലോകം...
യുദ്ധമില്ലാത്ത ഒരു ലോകം...
വേദനയും കരച്ചിലും ഇല്ലാത്ത ഒരു ലോകം...
പ്രായമായവരെ എല്ലാവരും ബഹുമാനിക്കുന്ന ഒരു ലോകം...
ലോകത്തിന്റെ ന്യായങ്ങല്‍ക്കും നിയമങ്ങള്‍ക്കും മുകളില്‍ സ്നേഹത്തെ സ്നേഹമായ് കാണാന്‍ കഴിയുന്ന ഒരു ലോകം...
സ്വര്‍ഗ്ഗമേതു ഭൂമിയേത് എന്നു സൃഷ്ട്ടികര്‍ത്താവിനു പോലും സംശയമുദിപ്പിക്കുന്ന ഒരു ലോകം
3 Responses
  1. എന്തിനാ കൊച്ചേ ഇങ്ങിനെ നടക്കാത്ത സ്വപ്നങ്ങളൊക്കെ കാണുന്നത്?
    അല്ലേ കണ്ടോളൂ ചെലവില്ലാത്ത കാര്യല്ലേ.


  2. നേരത്തെ ഉറങ്ങുക....എന്നാല്‍ സ്വപ്നത്തിലെങ്കിലും സ്വപ്നങ്ങള്‍ യാഥാര്‍ത്യമാകും...!!!


  3. ഓ ചുമ്മാ, ലോകപ്രശസ്ത ബ്ലൊഗരെ ഒക്കെ ഒന്നു ലിസ്റ്റു ചെയ്യുവാ ഞങ്ങള്‍ സ്കോട്‌ ലാന്റ്‌ യാര്‍ഡ്‌ പൊലിസ്‌